2016 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ഒരു DD കഥ

"അച്ഛാ, ഈ DD എന്നുവെച്ചാ എന്താ?"

അവന്റെ ചോദ്യം കേട്ട് ഞാൻ നൈസായിട്ടൊന്ന് ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും. ഞാനൊക്കെ ഈ DD എന്നൊരു സാധനം ഉണ്ടെന്നുതന്നെ അറിയണതു ഡിഗ്രിയൊക്കെ കഴിഞ്ഞ് ജോലിയൊക്കെ അന്വേഷിച്ച് നടക്കണ സമയത്ത് ഏതോ ബാങ്കിലേക്കുള്ള അപേക്ഷയോടൊപ്പം DDയൊക്കൊ എടുക്കണമെന്ന് തൊഴിൽ വാർത്തയിൽ വായിക്കുമ്പോഴാണ്. ആ എന്നോടാണ് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോൻ DD യെക്കുറിച്ച് ചോദിക്കണത്.

അവന്റെ വിജ്ഞാനകുതൂഹലത എന്നെ ഗദ്ഗദകണ്ഠനാക്കി. എനിക്ക് രോമാഞ്ചം വന്ന് തലമുടി വരെ അറ്റൻഷനായി എണീറ്റ് നിന്ന് സല്യുട്ടടിച്ചു.

"പറയച്ഛാ...എന്താ ഈ DD?"  അവൻ വിടുന്നില്ല. എങ്കിപ്പിന്നെ പറഞ്ഞ്കൊടുത്തിട്ടുതന്നെ കാര്യം. 

വീട്ടില് എല്ലാവർക്കും ഒരു വിചാരമുണ്ട്, അവന്റെ പഠിപ്പിൽ ഞാനൊട്ടും ശ്രദ്ധിക്കണില്ലെന്ന്. ആ ധാരണ ഇന്നങ്ങ് മാറ്റിക്കൊടുക്കണം. അതോണ്ട് മനപ്പൂർവ്വം ഞാൻ സൌണ്ട് മാക്സിമത്തിലേക്ക് സെറ്റ് ചെയ്തു. പിന്ന അടുത്ത പത്തുപതിനഞ്ച് മിനിറ്റ് ഞാനൊരു തകർക്കലായിരുന്നു.

DD യിൽ മാത്രമായി ഒതുക്കിയില്ല. പറഞ്ഞുകൊടുക്കുമ്പോ വളരെ വ്യക്തമായി പറയണമല്ലോ.  ബാർട്ടർസമ്പ്രദായം മുതലിങ്ങോട്ട് പിടിച്ചു.

പിന്നെ  വിവിധ കറൻസികൾ, ചെക്ക്, ലോണ്‍ അങ്ങനെ എല്ലാത്തിനെക്കുറിച്ചും ഞാൻ അവന് ക്ലാസ്സ് എടുത്തു. ഇന്ത്യൻ സമ്പദ്ഘടനയെക്കുറിച്ചും റിസർവ് ബാങ്കിനെക്കുറിച്ചും വളരെ വിശദമായിത്തന്നെ ഞാൻ പ്രദിപാദിച്ചു.

അവസാനം DD യെക്കുറിച്ച് വളരെ ആധികാരികമായിത്തന്നെ പറഞ്ഞുകൊടുത്തുകൊണ്ട് ഒരു ഷോഡയും കുടിച്ച് ഞാനെന്റെ പ്രസംഗം അവസാനിപ്പിച്ചിട്ട് ഇരുന്ന് കിതച്ചു.

അച്ഛനും അമ്മയും ഭാര്യയുമൊക്കെ എന്നെ ബഹുമാനത്തോടെ നോക്കി. അവന്റെ മുഖത്തുമാത്രം ഒരു ഭാവവ്യത്യാസോമില്ല.
 
"ഹിതൊക്കെ എന്ത്" എന്ന മട്ടിൽ  ഞാനങ്ങനെ പോസിട്ടിരിക്കുമ്പോ അവൻ കയ്യിലുള്ള കടലാസിൽ ഒന്നൂടെ നോക്കിയിട്ട് നൈസായിട്ട് അടുത്ത ചോദ്യം.

"അപ്പോ ഈ MM ഉം YYYY ഉം എന്താ?"

"ഹെന്തൂട്ട്??????"

"ദേ നോക്ക്, ഇതിലെഴുതീട്ടുണ്ടല്ലോ.....DD-MM-YYYY ന്ന്"

😇😇😇

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ