i എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
i എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

വേറിട്ടചിന്ത

സമ്പന്ന രാജ്യമായ റുമാനിയയിൽ നിന്നും ഇവിടെവന്നു ATM കവർച്ച നടത്തിയതും അതിലൊരുവനെ വളരെ വേഗത്തിൽ പോലീസ് ബോംബയിൽ നിന്നും പിടിച്ചതും നമ്മളറിഞ്ഞു!!

ഇത്രയും വേഗം കള്ളനെ പിടിച്ച പൊലീസിന് അഭിനന്ദനങ്ങൾ, ഞങ്ങടെ പോലീസ് ഇങ്ങനാ എന്നും പറഞ്ഞു ഭരണകർത്താക്കൾ വീമ്പുപറയുമ്പോഴും, പൊതുജനങ്ങൾ കള്ളനെ പിടിച്ചതിൽ ആശ്വസിക്കുമ്പോഴും നമ്മൾ ചിന്തിക്കേണ്ട മറ്റൊരു ചോദ്യമുണ്ട് !!

"ഇത്രയും ഹൈടെക് വിദ്യയൊക്കെ കണ്ടുപിടിച്ച് അങ്ങ് റുമാനിയയിൽ നിന്ന് ഇവിടെ വന്ന് ATM ഡാറ്റാ സംഘടിപ്പിച്ച് മോഷണം നടത്തണ വിരുതൻമാർക്ക് ആ ATM കൗണ്ടറിൽ CC TV ഉള്ള കാര്യം അറിയില്ലായിരുന്നോ" ?

ഇത്രയൊക്കെ ചെയ്ത ഇവൻമ്മാർ ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കുമോ ? അതോ പോലീസിനെയും ജനങ്ങളേയും മണ്ടൻമ്മാരാക്കി ശ്രദ്ധതിരിച്ച് മറ്റെന്തെങ്കിലും വലിയ കവർച്ചകൾ ചെയ്യാനുള്ള സൈക്കോളജിക്കൽ മൂവാണോ ????

ബാങ്കിങ്മേഘല ഇത്രയേറെ അഡ്വാൻസിടായ നമ്മുടെ നാട്ടിൽ വളരെ സമ്പന്നമായ ഒരു രാജ്യത്തിൽ നിന്നും വെറുമൊരു ATM കവർച്ചക്കു മാത്രമായി അവർ ഇവിടെ വരുമോ?? എയർപോർട്ടിലും താമസിക്കുന്ന ഹോട്ടലുകളിലും ഒറിജിനൽ ഐഡി കളും പാസ്പോർട്ട് വിവരങ്ങളും നൽകുമോ??

ദൃശ്യങ്ങൾ കണ്ടാലറിയാം അവർ ATM കൗണ്ടറിലെ CCTV മറയ്ക്കാനോ അതിൽനിന്നും ഒഴിഞ്ഞു നിൽക്കാനോ മുഖം മറയ്ക്കാനോ ഒന്നും ശ്രമിക്കുന്നില്ല അപ്പോൾ താമസിക്കുന്ന ഹോട്ടൽ മുതൽ സഞ്ചരിക്കുന്ന വഴികളിലും ബാങ്കുകളിലും സ്ഥാപനങ്ങളിലും എന്തിനേറെ പെട്ടിക്കടകളിൽ പോലും CCTV ഉള്ളകാര്യം അറിഞ്ഞുകൊണ്ടു ഇത്തരം ഒരു മണ്ടത്തരം കാണിക്കുമോ??

എന്തിനും ഏതിനും മോക്ഡ്രിൽ നടക്കുന്ന നമ്മുടെ നാട്ടിൽ, നമ്മുടെ പോലീസിന്റെ കാര്യക്ഷമത പരീക്ഷിക്കാൻ ഒരു വലിയ കവർച്ച സംഘം നടത്തിയ മോക്ഡ്രിൽ ആണോ ഇത്?? ചെസ്സുകളിയിൽ സ്വന്തം കരുക്കൾ ബലികൊടുത്ത് എതിരാളിയുടെ ശ്രദ്ധതിരിച്ചു വിജയം നേടുന്ന രീതിയുണ്ട്, അപ്രകാരം ഒന്നുരണ്ടു പേരെ പിടിക്കാനായി പോലീസിന്റെ ശ്രദ്ധതിരിക്കുവാനാണോ , ഈ മോഷണം ??

ഓർക്കുക ഇന്ന് ഭാരതത്തിൽവച്ച് ഏറ്റവും കൂടുതൽ അമൂല്യ സമ്പത്തു സൂക്ഷിക്കുന്ന സ്ഥലം പദ്മനാഭ സ്വാമി ക്ഷേത്രമാണ്, കേരളത്തിൽ ഏറ്റവും കൂടുതൽ പണവും സ്വർണവും സൂകിഷിക്കുന്നത് റിസർവ് ബാങ്കിന്റെ ബേക്കറി ജങ്ഷനിൽ ഉള്ള ശാഖയിലാണ്, വിവിധ ബാങ്കുകളുടെ ഹെഡ് ഓഫീസുകളും വലിയ ധനകാര്യ സ്ഥാപനങ്ങളും ഒക്കെയുള്ള തിരുവനന്തപുരത്തു ഈ കവർച്ചക്ക് വേദിയൊരുങ്ങിയത് ഇവിടെനിന്നെല്ലാം വളരെ അകലെയല്ലാതെ വെള്ളയമ്പലം ജങ്ങ്ഷനിൽ. അതുകൊണ്ടു തന്നെ ഇവിടെ നടക്കുന്ന കവർച്ചയുമായി ബന്ധപെട്ടു പോലീസിന്റെ കാര്യക്ഷമത പരീക്ഷിക്കുകയായിരുന്നോ ഈ കവർച്ചയുടെ ലക്‌ഷ്യം ??

എങ്കിൽ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം കൂടെയുണ്ട് വെള്ളയമ്പലത്തിനു സമീപത്തുള്ള കവടിയാർ കൊട്ടാരം, അവിടെനിന്നും നമുക്ക് അറിയാവുന്നതും അല്ലാത്തതുമായ തുരങ്കങ്ങൾ പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കും, കടൽത്തീരത്തേക്കും പാളയം, പട്ടം കൊട്ടാരങ്ങളിലേക്കും മറ്റു വിവിധ ഭാഗങ്ങളിലേക്കും ഉള്ളതായി കേട്ടിട്ടുണ്ട്,, രാജഭരണ കാലത്തു നിർമിക്കപ്പെട്ട ഇവയെ കുറിച്ച് വ്യക്തമായ ധാരണകൾ ഇന്നും നമ്മുടെ അധികാരികൾക്കുപോലുമില്ല, അപ്രകാരമുള്ള കവടിയാർ കൊട്ടാരത്തിനു സമീപമുള്ള ഈ പ്രദേശത്തെ പോലീസിന്റെ കാര്യക്ഷമത അളക്കുകയെന്നതാണ് ഈ കവർച്ചയുടെ ലക്ഷ്യമെങ്കിൽ അധികം താമസിക്കാതെ മറ്റൊരു വലിയ മോഷണ വാർത്ത ലോകം ഞെട്ടലോടെ അറിയേണ്ടി വന്നേക്കാം !!

നമ്മുടെ പോലീസും അധികാരപ്പട്ടവരും കൂടുതൽ ജാഗ്രതപാലിക്കേണ്ടിയിരിക്കുന്നു

വിചിന്തനം

നാട് കാണാനും ഉല്ലാസ യാത്രകള്ക്കും കാഴ്ചകള്‍ ആസ്വദിക്കാനും പലപ്പോഴും പല സ്ഥലങ്ങളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കും പോകുന്നവരാണ് നമ്മളൊക്കെ . ഇടയ്ക്ക് എപ്പോഴെങ്കിലും അവസരമുണ്ടാക്കി നാം സന്ദര്‍ശിക്കേണ്ട ചില കേന്ദ്രങ്ങളും ഉണ്ട്.

1) ആശുപത്രി

2) വൃദ്ധ സദനങ്ങള്‍

3) ഭ്രാന്താലയങ്ങള്‍ / മാനസിക രോഗ കേന്ദ്രങ്ങള്‍

4) ബധിര മൂക വികലാംഗ മന്ദിരങ്ങള്‍

5) അഗതി അനാഥ മന്ദിരങ്ങള്‍

6) മാരകവും ഭീകരവുമായ രോഗം ബാധിച്ചു മരണം കാത്തു കിടക്കുന്ന രോഗികളുള്ള വീടുകള്‍

ഗുണങ്ങള്‍ ഒരു പാടുണ്ട്

1) നാമെത്ര ഭാഗ്യവാന്മാന്‍ എന്ന ചിന്ത ഉണ്ടാകും

2) അഹങ്കാരത്തിനു ശമനം വരും .

3) മനുഷ്യന്‍ ശക്തനാണ് . എന്തിനും പോന്നവനാണ് . പക്ഷേ ഒരു നിമിഷം മതി തകരാന്‍ എന്ന തിരിച്ചറിവ് വരും.

4) ഇന്നല്ലെങ്കില്‍ നാളെ നമുക്കും വരാം ഇങ്ങനെ ഒരു അവസ്ഥ എന്ന ചിന്തയ്ക്ക്

5) മരണത്തെ പേടിച്ചു കഴിയുന്ന നമുക്കിടയില്‍ ഒന്ന് മരിച്ചു കിട്ടിയെങ്കില്‍ എന്ന് കേഴുന്ന മനുഷ്യരും ഉണ്ട് ഈ ലോകത്ത് എന്ന അനുഭവ സാക് ഷ്യത്തിന്

6) കാരുണ്യത്തിന്‍റെ കണ്ണുകള്‍ തുറക്കപ്പെടാനുള്ള വഴി

7) ഒരു സാന്ത്വനത്തിന് പോലും വലിയ വിലയുണ്ട്‌ എന്ന തിരിച്ചറിവിന്

8) ഒരു മനുഷ്യന്റെ ഏറ്റവും വലിയ സൌഭാഗ്യം
മരണം വരെ ഒരു കേടുപാടും കൂടാതെ അവന്‍റെ അവയവങ്ങള്‍ അവന്‍റെ കൂടെ നില്ക്കുകയാണ് എന്ന തിരിച്ചറിവിന്

9) ദൈവം തന്ന അനുഗഹങ്ങളെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കാനുള്ള മനസ്സ് ഉണ്ടാവുന്നതിന്

10) മാരകവും ഭീകരവും വേദനാ ജനകവുമായ രോഗങ്ങളെ തൊട്ടു കാവലിനെ തേടാനുള്ള ചിന്തയ്ക്ക്

11) ഒരു വാക്ക് കൊണ്ട് ഒരു നോക്ക് കൊണ്ട് ഒരു പുഞ്ചിരി കൊണ്ട് കഴിയുന്ന എന്തെങ്കിലും സഹായം കൊണ്ട് അപരന്റെ വേദന കുറച്ചെങ്കിലും കുറച്ചു കൊടുക്കാന്‍ കഴിയുന്നതൊക്കെ ചെയ്യും എന്ന ചിന്തയ്ക്ക്

12) പണം ഉണ്ടെങ്കില്‍ എന്തും ആവാം എന്തും നേടാം എന്ന അബദ്ധ ധാരണയുടെ അവസാനത്തിന്

13) ഈ ജീവിതം ഒരു മായാ പ്രപഞ്ചം ആണ് പക്ഷേ ഇത് വെറും നൈമിഷികമാണ് , നാം വെറും യാത്രക്കാര്‍ മാത്രമാണ് എന്ന ചിന്തയ്ക്ക്

14) അനുവദിച്ചു കിട്ടിയ ജീവിതത്തിലെ ഓരോ ദിവസവും എത്ര മാത്രം അനുഗ്രഹമാണ് എന്ന ചിന്തയ്ക്ക് !!😊

2016 ഓഗസ്റ്റ് 10, ബുധനാഴ്‌ച

പ്രവാസി

വായിച്ചിരുന്നു പെണ്ണെ നിന്റെ കത്ത്

ആവുന്നെങ്കിൽ പ്രവാസിയുടെ  ഭാര്യ ആവണം  എന്ന്  പറഞ്ഞു  നീ  എഴുതിയ  ചെറിയ  കത്ത്  ആ കത്ത് ഞാനടക്കമുള്ള  പ്രവാസിയുടെ  നെഞ്ചൊന്ന്  പിടപ്പിച്ചപ്പോൾ ഞങ്ങളെ മനസാ പെണ്ണേ നീ അറിയാതെ പോയത്

കാത്തിരുന്ന്  ഖഫീലിന്റെയോ  മാനേജരുടെയോ കയ്യും  കാലും  പിടിച്ചു   കിട്ടുന്ന ലീവിന്  നാട്ടിലേക്ക്  പുറപ്പെടുമ്പോൾ
നിന്റെയും   മക്കളുടെയും  തിളങ്ങുന്ന  കണ്ണ്  കാണാനാ  പെണ്ണെ

പൈസ  ഇല്ലെങ്കിൽ
കടം  വാങ്ങിയിട്ടാണേലും
നാട്ടിൽ  പോവുമ്പോൾ 
ഒന്നും കൊണ്ട്  പോവില്ല
എന്ന് ജാടക്ക്  പറയുന്ന ഞങ്ങൾ 
കൊണ്ട് വരാൻ പറ്റുന്നതിൽ കൂടുതൽ സാധനം വാങ്ങി വരുന്നത്

നാട്ടിലെത്തിയാൽ വീടും തൊടിയും ചുറ്റിപ്പറ്റി നിൽക്കുന്നത്
കവലകളിൽ പോയി നിരങ്ങാൻ അറിയാഞ്ഞിട്ടോ  ബൈക്കും   എടുത്ത്  ചുറ്റാൻ അറിയാഞ്ഞിട്ടോ   അല്ല പെണ്ണെ .  

നാളെ   തിരിച്ചു പോയാൽ  ഒറ്റമുറിക്കുള്ളിലെ ഇരുമ്പ് കട്ടിലിൽ കിടന്ന്  നിന്നോടും  മക്കളോടും  ഒപ്പമുള്ള നിമിഷം  മനസ്സിൽ കണ്ട്  കൊണ്ട് സന്തോഷിക്കാനാ .
           
ലീവ്   തീരാറായി എന്ന് അറിയുന്ന നീ 
അത് നീട്ടി കിട്ടുമോ എന്ന് ചോദിച്ചു  കണ്ണ്  നിറയ്ക്കുമ്പോൾ
ഒന്നും പറയാതെ  മുറ്റത്തെക്ക്    ഇറങ്ങി നടക്കുന്നത്
കണ്ണിലെ  നനവ്  നീ കാണാതിരിക്കാനാ പെണ്ണെ

എപ്പാ  വന്നതെന്നും ,എപ്പാ  പോന്നതെന്നും  നാട്ടുകാരുടെ സ്ഥിരം  ചോദ്യത്തിന്  സങ്കടം  ഉള്ളിലൊതുക്കി  ചിരിച്ചും കൊണ്ട്  മറുപടി  കൊടുക്കുന്ന  ഞങ്ങൾ.

ഇടവഴിയിൽ  കാണുന്ന  പല  മുഖങ്ങളും  തിരിച്ചറിയാൻ  കഴിയാതെ,
സ്വന്തം  വീട്ടുകാർക്ക്  വിരുന്ന്  കാരനായി,
മക്കൾക്ക്  കളിപ്പാട്ടം  കൊണ്ട്  വരുന്ന  ആളായി
നാട്ടുകാർക്ക്  ഗൾഫുകാരനായി അങ്ങനെ  പലപേരിലും  ഞങ്ങൾ  ജീവിക്കുന്നു .

തിരിച്ചു     പോരുമ്പോൾ   അഴിച്ചു  വെച്ച  ഷർട്ട്   ഓർമ്മക്കായി  നിങ്ങൾ എടുത്ത്  വെക്കുമ്പോൾ
ഒരു  കഷ്ണം തുണി പോലും
ഞങ്ങൾ  കൊണ്ട് വരാറില്ല . 

പകരം    നിങ്ങളോട്  ഒന്നിച്ചു  ചിലവിട്ട  ദിവസങ്ങളിലെ ഓർമ്മയാണ് പെണ്ണെ .
ഞങ്ങൾ പ്രവാസികളുടെ ഖൽബിലെ  കുളിര്

പടി  ഇറങ്ങുബോൾ  നിന്റെ
കവിളിൽ നിനക്ക് മുത്തം തരുന്നത് എന്തിനാണ് എന്ന്  അറിയോ പെണ്ണെ നിനക്ക് .
നാള ഒരു പക്ഷേ ആണി അടിച്ച പെട്ടിയിലാ മടക്കമെങ്കിൽ പിന്നെ  ഒരു മുത്തം തരാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ എന്ന്  ഓർത്തിട്ടാ .

പടിയിറങ്ങുന്ന ഞങ്ങടെ കണ്ണ് നിറഞ്ഞു  നീ കാണില്ല പെണ്ണെ  കാരണം  അപ്പോഴേക്കും
ഞങ്ങടെ മനസ്സ് ഞങ്ങൾ കരിങ്കല്ല്  ആക്കി മാറ്റിയിട്ടുണ്ടാവും .

നിന്റെ  കയ്യിലടിച്ചു  ചെയ്ത  സത്യങ്ങൾ  എല്ലാം  പാലിച്ചാലും  വല്ലപ്പോഴും  ഒരു
സിഗരറ്റിന്  തീ കൊളുത്തുന്നത്  നിന്നെയും  മക്കളെയും  പിരിഞ്ഞതിന്റെ  വിഷമം  മാറ്റാനാ പെണ്ണെ.

തിരിച്ചു  വന്നാൽ   തടി     മെലിഞ്ഞുപോയി    എന്ന്    പറഞ്ഞു  നിങ്ങടെ        കൈ  കൊണ്ട്    വിളമ്പി തരുമ്പോൾ ആണ് പെണ്ണെ
മരുഭൂമിയിലെ ചൂടിൽ വെന്തൊരുകിയ ഞങ്ങടെ ശരീരം ഒന്ന് പുഷ്ടിപ്പെടുന്നത്.

ഒഴിവ് കിട്ടുന്ന സമയത്തെല്ലാം
മാറിൽ തലചായ്ച്ചു നിങ്ങൾ മയങ്ങുബോൾ
ഇട നെഞ്ചിലേക്ക് നിങ്ങടെ കണ്ണ് നീരിന്റെ 
ചൂട്  പടരുമ്പോൾ . ഞങ്ങടെ   കണ്ണ്  നനയാത്തത്  പെയ്തൊഴിയാൻ കണ്ണ് നീര്  ബാക്കി ഇല്ലാത്തത് കൊണ്ടാണെന്ന്  നീ മനസ്സിലാക്കണം പെണ്ണെ.

പടി  ഇറങ്ങുമ്പോൾ...
പോവാതിരുന്നോടെ  എന്നും  നാട്ടിൽ  എന്തേലും
പണിക്കു പോയ്ക്കൂടേ  എന്നും  നിങ്ങൾ  ചോദിക്കുമ്പോൾ...
മനസ്സിൽ  ഞങ്ങളും  ചോദിക്കാറുണ്ട്  പെണ്ണെ
ആർക്ക് വേണ്ടിയാണ് ഞങ്ങളീ  കടല്   കടക്കുന്നത് എന്ന്.

പ്രവാസി ആവാൻ  വിധിക്കപ്പെട്ടതിന്റെ  പേരിൽ
ഒരുപാട്  സങ്കടപ്പെട്ടിട്ടുണ്ടെങ്കിലും.
അറിയാതെ    ഈ പ്രവാസത്തെ ഇഷ്ടപ്പെടുന്നത്  തന്റെ കുടുംബം അല്ലലില്ലാതെ കഴിയുന്നത് കാണാനാ പെണ്ണെ.

ആഗ്രഹമുണ്ട് പെണ്ണെ 
നല്ലൊരു മകനായി, 
നല്ലൊരു ഭർത്താവായി,
നല്ലൊരു ഉപ്പയായി,
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി,
ജീവിച്ചു മരിക്കാൻ. 
അതിനി പ്രവാസിയായിട്ടെങ്കിൽ അങ്ങനെ നാടനായിട്ടെങ്കിൽ അങ്ങനെ......

ജീവിതം നഷ്ട്ടപ്പെട്ട, 
ജരാ നരകൾ ബാധിച്ച്‌
രോഗവും പേറി 
ചണ്ടിയായ  ശരീരവും കൊണ്ട് 
ഞങ്ങൾ കടല് കടന്ന് വരുമ്പോൾ മനസ്സില് പോലും പറയല്ലേ പെണ്ണെ .
ഇത്രയും കാലം നിങ്ങൾ
എന്ത് ഉണ്ടാക്കി എന്ന് .
വേദന മാത്രം തിന്ന് ജീവിച്ച ഈ  ശരീരം
അത്  താങ്ങി എന്ന് വരില്ല ......

2016 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ഒരു DD കഥ

"അച്ഛാ, ഈ DD എന്നുവെച്ചാ എന്താ?"

അവന്റെ ചോദ്യം കേട്ട് ഞാൻ നൈസായിട്ടൊന്ന് ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും. ഞാനൊക്കെ ഈ DD എന്നൊരു സാധനം ഉണ്ടെന്നുതന്നെ അറിയണതു ഡിഗ്രിയൊക്കെ കഴിഞ്ഞ് ജോലിയൊക്കെ അന്വേഷിച്ച് നടക്കണ സമയത്ത് ഏതോ ബാങ്കിലേക്കുള്ള അപേക്ഷയോടൊപ്പം DDയൊക്കൊ എടുക്കണമെന്ന് തൊഴിൽ വാർത്തയിൽ വായിക്കുമ്പോഴാണ്. ആ എന്നോടാണ് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോൻ DD യെക്കുറിച്ച് ചോദിക്കണത്.

അവന്റെ വിജ്ഞാനകുതൂഹലത എന്നെ ഗദ്ഗദകണ്ഠനാക്കി. എനിക്ക് രോമാഞ്ചം വന്ന് തലമുടി വരെ അറ്റൻഷനായി എണീറ്റ് നിന്ന് സല്യുട്ടടിച്ചു.

"പറയച്ഛാ...എന്താ ഈ DD?"  അവൻ വിടുന്നില്ല. എങ്കിപ്പിന്നെ പറഞ്ഞ്കൊടുത്തിട്ടുതന്നെ കാര്യം. 

വീട്ടില് എല്ലാവർക്കും ഒരു വിചാരമുണ്ട്, അവന്റെ പഠിപ്പിൽ ഞാനൊട്ടും ശ്രദ്ധിക്കണില്ലെന്ന്. ആ ധാരണ ഇന്നങ്ങ് മാറ്റിക്കൊടുക്കണം. അതോണ്ട് മനപ്പൂർവ്വം ഞാൻ സൌണ്ട് മാക്സിമത്തിലേക്ക് സെറ്റ് ചെയ്തു. പിന്ന അടുത്ത പത്തുപതിനഞ്ച് മിനിറ്റ് ഞാനൊരു തകർക്കലായിരുന്നു.

DD യിൽ മാത്രമായി ഒതുക്കിയില്ല. പറഞ്ഞുകൊടുക്കുമ്പോ വളരെ വ്യക്തമായി പറയണമല്ലോ.  ബാർട്ടർസമ്പ്രദായം മുതലിങ്ങോട്ട് പിടിച്ചു.

പിന്നെ  വിവിധ കറൻസികൾ, ചെക്ക്, ലോണ്‍ അങ്ങനെ എല്ലാത്തിനെക്കുറിച്ചും ഞാൻ അവന് ക്ലാസ്സ് എടുത്തു. ഇന്ത്യൻ സമ്പദ്ഘടനയെക്കുറിച്ചും റിസർവ് ബാങ്കിനെക്കുറിച്ചും വളരെ വിശദമായിത്തന്നെ ഞാൻ പ്രദിപാദിച്ചു.

അവസാനം DD യെക്കുറിച്ച് വളരെ ആധികാരികമായിത്തന്നെ പറഞ്ഞുകൊടുത്തുകൊണ്ട് ഒരു ഷോഡയും കുടിച്ച് ഞാനെന്റെ പ്രസംഗം അവസാനിപ്പിച്ചിട്ട് ഇരുന്ന് കിതച്ചു.

അച്ഛനും അമ്മയും ഭാര്യയുമൊക്കെ എന്നെ ബഹുമാനത്തോടെ നോക്കി. അവന്റെ മുഖത്തുമാത്രം ഒരു ഭാവവ്യത്യാസോമില്ല.
 
"ഹിതൊക്കെ എന്ത്" എന്ന മട്ടിൽ  ഞാനങ്ങനെ പോസിട്ടിരിക്കുമ്പോ അവൻ കയ്യിലുള്ള കടലാസിൽ ഒന്നൂടെ നോക്കിയിട്ട് നൈസായിട്ട് അടുത്ത ചോദ്യം.

"അപ്പോ ഈ MM ഉം YYYY ഉം എന്താ?"

"ഹെന്തൂട്ട്??????"

"ദേ നോക്ക്, ഇതിലെഴുതീട്ടുണ്ടല്ലോ.....DD-MM-YYYY ന്ന്"

😇😇😇

കുതിരക്കും പറയാനുണ്ട്

വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്‍ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്‍ അതിന് കഴിയില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്‍ പിന്നെ അതിനെ ചികിത്സിക്കല്‍ തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്‍ ജോലിക്കാരെ ഏല്‍പ്പിച്ച് അയാള്‍ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്‍ കണ്ടത് ആ വയസ്സന്‍ കുതിര പുറത്ത് മേയുന്നതാണ്... എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചത്, കിണര്‍ മൂടാന്‍ വേണ്ടി പണിക്കാര്‍ കൊട്ടയില്‍ മണ്ണ് കൊണ്ടുവന്നിട്ടത് കുതിരയുടെ മുകളില്‍. ഓരോ പ്രാവശ്യവും തന്‍റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോള്‍ തന്നെ കുതിര കുടഞ്ഞു കളയും. എന്നിട്ട് താഴെ വീണ മണ്ണില്‍ കയറി നില്‍ക്കും. ഒടുവില്‍ കിണര്‍ മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്ത് വരികയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നമ്മെ പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല. എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ. മനോഹരമായ താമരക്ക് ചെളി വളമായതുപോലെ വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും.